Saturday, January 22, 2022

മഴയോര്‍മ്മകള്‍ . . .

മഴയോർമ്മകൾ...

     ''എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി...''

ഈ ഒരു പാട്ടും, മഴയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും തോന്നുന്നുണ്ടാവും ഈ വരികൾ അവർക്കു വേണ്ടി എഴുതിയതാണെന്ന് . പലരിലും പല തരത്തിലായിരിക്കും ഓരോ മഴയും പെയ്തിറങ്ങുന്നത്.  ചിലരിൽ ആദ്യാനുരാഗത്തിൻ കവിത കുറിക്കുന്ന പ്രണയ മഴയായി... ചിലരില്‍ ഉള്ളുലയ്ക്കുന്ന കുളിർമഴയായി... മറ്റു ചിലരിൽ കടലാസ് തോണി തുഴയുന്ന കളി മഴയായി ... 
ചിലരിൽ ഓർമ്മകൾ അലതല്ലുന്ന ഓർമ്മപ്പെയ്ത്തായി... ചിലരിൽ ഉള്ളിൽ വിങ്ങുന്ന നോവിന്‍റെ കണ്ണീർപ്പെയ്ത്തായി... 

മറ്റു ചിലർക്ക് ഇതൊന്നും ആയിരിക്കില്ല മഴയോർമ്മ. തോരാതെ പെയ്ത മഴ പ്രളയവും, നാശവും, മരണവും വിതച്ചതോര്‍ക്കുമ്പോള്‍ മഴ അവർക്കെന്നും നശിച്ച മഴയായിരിക്കും... അങ്ങനെ അങ്ങനെ എത്രയോ പേർക്ക് എത്രയോ തരം മഴയും മഴയോർമ്മകളും...

എനിക്കെന്നും ഏറെ പ്രിയപ്പെട്ട മഴയോർമ്മകൾ സമ്മാനിച്ചത് ചളവറയിലെ ഞങ്ങളുടെ പഴയ ഓട് വീടിൻറെ മുകളിലത്തെ വടക്കുഭാഗത്തെ കൊച്ചു മുറിയും അതിനുള്ളിൽ ഇരുന്ന് ഞാൻ കണ്ട മഴയും ആണ് . ഏകദേശം ഒരു എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് എനിക്ക് സ്വന്തമായി ആ മുറി കിട്ടുന്നത്. പിന്നീട് ഇരുപത്തിരണ്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് പോകുന്നത് വരെയുള്ള ഏതാണ്ട് പത്ത് വർഷക്കാലം എൻറെ സാമ്രാജ്യമായിരുന്നു അത്. ഒരു കുഞ്ഞു മുറി. അതില്‍  മരത്തിൻറെ ജനാല ആയിരുന്നു. തറയിൽ നിന്ന് വളരെ കുറച്ചു ഉയരം മാത്രമേ ആ ജനാലയ്ക്കുണ്ടായിരുന്നുള്ളൂ. നീണ്ട അഴികളുള്ള ജനാല ആയിരുന്നു. ജനലഴികളകൾക്ക് ഒരു പ്രത്യേക ഷേപ്പ് ആയിരുന്നു. മുറിയിൽ കട്ടിൽ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് തറയിൽ കിടക്ക വിരിച്ചായിരുന്നു കിടന്നിരുന്നത്. ഒരു കൊച്ചു പെൺകുട്ടിയിൽനിന്ന് ഒരു മുതിർന്ന പെണ്ണായി മാറിയ എൻറെ വളർച്ചയും ,എൻറെ സന്തോഷവും, വിഷമവും ,പേടിയും, ആശങ്കയും, ദേഷ്യവും ,ആകുലതകളും, സ്വപ്നങ്ങളും ,മോഹങ്ങളും, മോഹഭംഗങ്ങളും എല്ലാമറിയുന്ന മറ്റൊരിടം വേറെയില്ല.  മുറിയിൽ തറയിൽ കിടക്ക വിരിച്ചു കിടന്നു ഞാൻ കണ്ട മഴകളോളം സൗന്ദര്യമുള്ള മഴ പിന്നീട് വേറെയുണ്ടായിട്ടില്ല. പണ്ട് ഓട് ഇറക്കി മേയുന്നതിനൊക്കെ മുൻപുള്ള മഴക്കാലത്ത് വീട്ടിൽ ചെറിയ ചോർച്ച ഒക്കെ ഉണ്ടാകും. എന്‍റെ മുറിയിലും ചെറുതായി മഴ വെള്ളം ചോരുന്നുണ്ടാവും. അപ്പോൾ അടുക്കളയിൽ നിന്ന് സ്റ്റീലിന്‍റെ അടുക്ക് പാത്രം കൊണ്ടുവന്ന് വയ്ക്കും .അതിൽ മഴ വെള്ളം നിറയും. ഓരോ പ്രാവശ്യം പാത്രം നിറയുമ്പോഴും ആ വെള്ളം ഒഴിച്ചു കളഞ്ഞ് വീണ്ടും പാത്രം കൊണ്ടുവയ്ക്കും. മഴ കുറഞ്ഞു വരുമ്പോൾ മഴവെള്ളം വീഴുന്നതിന്‍റെ ശക്തിയും കുറയും. അപ്പോ മെല്ലെ മെല്ലെ 'ടിം' 'ടിം' ശബ്ദത്തിൽ  മഴവെള്ളം ആ പാത്രത്തിൽ വീഴും. ആ ശബ്ദം കേട്ടു ഉറങ്ങുന്നതിന്‍റെ സുഖം .... ഹൊ... അതൊന്നു വേറെ തന്നെയാണ് .  രാത്രിയിൽ മിന്നലിന്‍റെ വെളിച്ചത്തിൽ ജനലഴികളിലൂടെ മഴ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.. അതുപോലെതന്നെയാണ് ഓടിൻറെ ഇടയിലൂടെ മിന്നൽ വെളിച്ചം കാണുന്നത് .മഴയൊക്കെ പെയ്തു കഴിഞ്ഞു ജനാലയ്ക്കരികിൽ ഇരിക്കുമ്പോൾ മരത്തിന്‍റെ ജനലഴികളുടെ ഒരു പ്രത്യേക മണം ഉണ്ട് .. ഓർമ്മകൾ നനഞ്ഞു കുതിർന്നൊരു മണം.... 

 പത്താം ക്ലാസിൽ പഠിക്കുമ്പോൾ പരിസ്ഥിതിദിനത്തിൽ എനിക്കൊരു മന്ദാരത്തൈ കിട്ടിയിരുന്നു. ഞാനേറെ ഇഷ്ടത്തോടെ നട്ടുനനച്ച മന്ദാരചെടി... അത്  ഒരുപാട് വളർന്നു . വളർന്നു വളർന്നു എന്‍റെ  ജനാലയിൽ തൊടുംവണ്ണം അതിന്‍റെ ശിഖരങ്ങൾ പടർന്നു.. നല്ല പിങ്ക് നിറമുള്ള മന്ദാര പൂക്കൾ നിറയെ ഉണ്ടാകുമായിരുന്നു അതില്‍ .  നല്ല കാറ്റിലും മഴയിലും ആ മന്ദാരം ആടിയുലയുന്നത് കാണാൻ നല്ല ചന്തമായിരുന്നു.. മഴ രാത്രികള്‍ കഴിഞ്ഞ് പിറ്റേന്ന് ഉണരുമ്പോൾ ജനാലയിൽ വെള്ളത്തുള്ളികളോടെ വന്നു വീണു കിടക്കുന്ന മന്ദാരപ്പൂവിതളുകളുണ്ടാവും...

 അങ്ങനെ എത്രയെത്ര ഓർമ്മകൾ...
നല്ല തണുത്ത മഴയത്ത് മൂടിപ്പുതച്ച് ഉറങ്ങിയത്, ചിലപ്പോഴൊക്കെ എൻറെ വട്ടുകൾ കുത്തിക്കുറിച്ചത് , ഇരുട്ട് മൂടി  മഴപെയ്യുമ്പോൾ എവിടുന്നോ മനസ്സിൽ പൊട്ടിവീഴുന്ന സങ്കടം തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർത്തത്, പനിച്ചൂടില്‍ തണുത്ത് വിറച്ചത്, നടക്കാത്ത സ്വപ്നങ്ങൾ നെയ്തു കൂട്ടിയത്, സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞപ്പോൾ ആർത്തലച്ച് കരഞ്ഞത്, എല്ലാം എൻറെ കൊച്ചുമുറിയ്ക്കുള്ളിലായിരുന്നു..

ആ മുറിയിലിരുന്ന ഞാൻ കണ്ട മഴയോളം സൗന്ദര്യം പിന്നീട് ഒരു മഴക്കും ഞാൻ കണ്ടിട്ടില്ല .. ആ മുറിയിൽ കിടന്ന് ഞാൻ കണ്ട മഴയോളം വേറൊരു മഴയും എന്നെ സന്തോഷിപ്പിച്ചിട്ടുമില്ല, നൊമ്പരപ്പെടുത്തിയിട്ടുമില്ല...

 കാലം പുതിയ പലതും നമുക്ക് വേണ്ടി നൽകുമ്പോൾ പലപ്പോഴും പഴയ പലതും വെറും ഓർമ്മകൾ മാത്രമായി മാറുന്നു.. ഇന്ന് ഞാൻ ഏറ്റവും മിസ് ചെയ്യുന്നതും എൻറെ ആ പഴയ വീടും, മുകളിലത്തെ എൻറെ കുഞ്ഞു മുറിയും, ജനാലയും ,അതിലൂടെ ഞാൻ കണ്ട മഴയും എല്ലാം ആണ്... ഇന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു നോവ് പടര്‍ത്തുന്ന , എന്നും എനിക്ക് ഏറെ പ്രിയപ്പെട്ട എൻറെ മഴയോർമ്മകൾ...

ബീന. കെ

No comments:

Post a Comment

Parallel World

 Short story Parallel World By Beena K           ‘’Amal, it is really hard to suffer anymore. There is a limit for everything. You know, it ...