പ്രതീക്ഷ...
ഒരിക്കല്‍ തന്നിലേയ്ക്ക് മടങ്ങിയെത്തുമെന്ന്,
കാരണമില്ലാതെ തന്നെ ബ്ളോക്ക് ചെയ്ത് പോയൊരാള്‍
അണ്‍ബ്ളോക്ക് ചെയ്ത് തിരിച്ചു വരുമെന്ന്,
മുതുക് വെട്ടാതെയും , കാലു തരിച്ചു കേറാതെയും
രാവിലെ എണീറ്റ് നിവര്‍ന്നു നില്‍ക്കാനാവുമെന്ന്,
കടക്കെണിയില്‍ പെട്ട കുടുംബത്തെ
കരകേറ്റാനാകുമെന്ന്,
മൂന്ന് നേരം വയറു നിറച്ചാഹാരവും
പുത്തനുടുപ്പും കിട്ടുമെന്ന്,
വയറൊട്ടി എല്ലുന്തിത്തുറിച്ചു
നില്‍ക്കുന്ന ദാരിദ്ര്യം മാറുമെന്ന്,
വാടക വീട്ടില്‍ നിന്നും സ്വന്തമായൊരു
കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങാമെന്ന്,
ജോലീം കൂലീം ഇല്ലാത്തവനെന്ന പേര്
ഒരിക്കല്‍ മാറിക്കിട്ടുമെന്ന്,
പ്രണയിച്ചയാള്‍ ജീവിതത്തിലെന്നും
തനിക്ക് കൂട്ടായുണ്ടാകുമെന്ന്,
വിവാഹക്കമ്പോളത്തില്‍ തരക്കേടില്ലാത്തൊരിണയെ
തനിക്കും കിട്ടുമെന്ന്,
പ്രവാസമവസാനിപ്പിച്ച് കുഞ്ഞുകുട്ടി പരാതീനങ്ങളുമായി
നാട്ടില്‍ ഒതുങ്ങാമെന്ന്,
അഞ്ചു സെന്‍റിലെ വീടിന്‍റെ പിന്നാമ്പുറത്തെ മാവ്
പൂത്തു തളിര്‍ത്ത് കായ്ക്കുമെന്ന്,
കൊല്ലങ്ങള്‍ കാത്തിരുന്നിട്ടും കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവന്
എന്നെങ്കിലുമൊരിക്കലൊരു കുഞ്ഞിക്കാല്‍ കാണാനാകുമെന്ന്,
ഒത്തിരി കഷ്ടപ്പാടുണ്ടെങ്കിലും
മക്കള്‍ വലുതായാല്‍
കഷ്ടപ്പാടിനറുതി വരുമെന്ന്,
നല്ല കാലം വരുമെന്ന്,
മനസ്സും ശരീരവും ഒരു പോലെ പിടി വിട്ടു പോകുമ്പോള്‍ ,
ഒരിക്കല്‍ എല്ലാം ശരിയാകുമെന്ന്,
എണീക്കാനാവതില്ലാതെ കിടന്നു പോയാല്‍
നോക്കാനാരെങ്കിലുമൊക്കെയുണ്ടാവുമെന്ന്,
ചങ്ങലക്കിട്ട കൂട്ടില്‍ നിന്നൊരിക്കല്‍
അവരെന്നെ തുറന്നു വിടുമെന്ന്,
ഉയരെ പറക്കാന്‍ തുടങ്ങുമ്പോള്‍
കാലുകള്‍ കെട്ടിയിടില്ലെന്ന്,
പാതി വഴിയിലുപേക്ഷിക്കേണ്ടി വന്ന യാത്രയ്ക്ക്
വീണ്ടും ടിക്കറ്റെടുക്കാമെന്ന്,
KSRTC ബസ്സിന്‍റെ വാതിലിനടുത്ത്
വിന്‍ഡോ സീറ്റ് തന്നെ കിട്ടുമെന്ന്,
രാത്രി രണ്ടു മണിക്ക് ചൂടു ദോശയും ബീഫും കിട്ടുന്ന
തട്ടു കട അടച്ചിട്ടുണ്ടാവില്ലെന്ന്,
മുന്‍പൊരിക്കല്‍ തന്നോട് ചിരിച്ചിട്ടും
തിരിച്ചൊരു ചിരി കൊടുക്കാന്‍ കഴിയാതെ പോയയാളെ
വീണ്ടും കാണുമെന്ന്,
അപ്പോള്‍ നിറഞ്ഞ മനസ്സോടെ ചിരിക്കാമെന്ന്,
ഈ മഹാമാരി മാറി എല്ലാം
പഴയപടി ആകുമെന്ന്,
നല്ല നാളുകള്‍ വരുമെന്ന് ,
അങ്ങിനെ വലുതും ചെറുതുമായി എണ്ണിയാല്‍ തീരാത്ത എത്രയെത്ര പ്രതീക്ഷകളാണല്ലേ
നാമോരോരുത്തരെയും ഇന്ന് ഈ നിമിഷം ഇവിടെ ജീവിപ്പിക്കുന്നത്..
ബീന. കെ
No comments:
Post a Comment