Saturday, January 22, 2022


ഈ മഹാമാരിക്കും, ലോക്ക് ഡൗണിനും, കര്‍ഫ്യൂനും എല്ലാം അപ്പുറം ഞാനും നീയും പിന്നെയും ഇവിടെയുണ്ടെങ്കില്‍ നമുക്കൊരുമിച്ചൊരു യാത്ര പോണം... ഒതുങ്ങിക്കൂടി ഒരുപാട് കാലം കഴിഞ്ഞതിന്‍റെ മടുപ്പ് മാറ്റാന്‍ ഒരു കിടിലന്‍ യാത്ര....

  : ദൈവമേ... ഇവളെന്നെ കുത്തുപാള എടുപ്പിക്ക്യോ...

   : ഹാ... പേടിക്കണ്ടെടോ മാഷേ... അധികം ദൂരേയ്ക്കൊന്നും പോണ്ടാന്നെ... ഇതിവിടെ അടുത്ത്, എനിക്കും നിനക്കും ഏറെ പ്രിയപ്പെട്ട നമ്മുടെ അനങ്ങന്‍റെ മടിത്തട്ടിലേക്ക്... ഒരു വൈകുന്നേരത്ത് നമുക്കങ്ങിറങ്ങാം..

പക്ഷേ ഈ യാത്രക്ക് കുറച്ച് പ്രത്യേകതകളൊക്കെയുണ്ട്... ഇതൊരു തിരിഞ്ഞു നോട്ടത്തിന്‍റെ, ചില ഓര്‍മ്മപ്പെടുത്തലുകളുടെ യാത്രയാവണം.. 

ഇത്രയും വര്‍ഷം നാം എന്തെല്ലാം ചെയ്തു എന്നതിലേക്ക്.. ചെയ്യാന്‍ ബാക്കി വച്ചവയിലേക്ക്.. എന്തെല്ലാം ചെയ്യാമായിരുന്നു എന്നതിലക്കുള്ള  തിരിഞ്ഞു നോട്ടത്തിന്‍റെ യാത്ര...

നീ ആദ്യമായി കണ്ടപ്പോഴത്തെ വെളുത്തു മെലിഞ്ഞ , വിടര്‍ന്ന കണ്ണുകളുള്ള ആ പെണ്ണല്ലിവളെന്ന് ഓര്‍മ്മപ്പെടുത്തുന്ന യാത്ര...

അവളുടെ വടിവൊത്ത ശരീരം ഇന്ന് ഊതി വീര്‍പ്പിച്ച ബലൂണ്‍ കണക്കെ മാറിപ്പോയിരിക്കുന്നെന്നും, അവളുടെ കണ്ണുകള്‍ തിളക്കം നഷ്ടപ്പെട്ട് വാടിത്തളര്‍ന്നെന്നും, മാതൃത്വം അവളുടെ മേനിയഴക് കവര്‍ന്നെടുത്തെന്നും ഒാര്‍മ്മപ്പെടുത്തുന്ന യാത്ര...

അനങ്ങന്‍റെ മാറിടത്തിലൂടെ ഊര്‍ന്നിറങ്ങുന്ന നീര്‍ച്ചാലുകള്‍ക്കും, അസ്തമിക്കാറായ തുടുത്ത സൂര്യനും, പച്ചവിരിച്ച വയലുകള്‍ക്കും  ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന നനുത്ത കാറ്റിനും അപ്പുറം വിജനതയിലേക്ക് നോക്കി ഈറനണിഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന അവളെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ അമര്‍ത്തി ഉമ്മ വക്കുമ്പോള്‍ ,  കാലത്തിനോ  മാറ്റങള്‍ക്കോ അതീതമാണീ പ്രണയം എന്ന തിരിച്ചറിവിന്‍റെ യാത്ര...  അവിടെ ഉടലില്ല, ഉയിരു മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിലേക്കുള്ള യാത്ര... പ്രണയിക്കാന്‍ സുന്ദരമായ മനസ്സു മാത്രം മതി എന്ന തിരിച്ചറിവിന്‍റെ യാത്ര...  നാളെ നീയില്ലെങ്കിലും ഞാനില്ലെങ്കിലും, ഈ പ്രണയം അനശ്വരമായി ഇവിടെയുണ്ടാകും എന്ന തിരിച്ചറിവിന്‍റെ യാത്ര....

No comments:

Post a Comment

Parallel World

 Short story Parallel World By Beena K           ‘’Amal, it is really hard to suffer anymore. There is a limit for everything. You know, it ...