Saturday, January 22, 2022

മേഘമല്‍ഹാര്‍. . .

മേഘമൽഹാര്‍. . .
 2001ല്‍  ശ്രീ. കമൽ സംവിധാനം ചെയ്ത് ബിജു മേനോൻ ,സംയുക്ത വർമ്മ ജോഡി ഒരുമിച്ച് അഭിനയിച്ച ഒരു സിനിമ. സിനിമ ഇറങ്ങി 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഇപ്പോൾ എന്തിനാ ഇതിനെപ്പറ്റി പറയുന്നത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം.. നമ്മളൊക്കെ കാണാൻ മിസ്സ് ചെയ്ത,  പിന്നീട് കാണാൻ മാറ്റിവെച്ച, അല്ലെങ്കിൽ ചില ഭാഗങ്ങൾ മാത്രം കണ്ട് മുഴുവൻ കാണാൻ കഴിയാത്ത ചില സിനിമകൾ ഉണ്ടാകും . അത്തരത്തിൽ എനിക്ക് മുഴുവനായി കാണാൻ കഴിയാത്ത ,പിന്നീട് കാണാൻ ഞാൻ മാറ്റിവെച്ച ഒരു സിനിമയായിരുന്നു മേഘമൽഹാർ. ഈയടുത്താണ് യൂട്യൂബിൽ സിനിമ മുഴുവനായി കണ്ടത്.
രാജീവൻറെയും ( ബിജുമേനോൻ ),  നന്ദിതയുടെയും (സംയുക്ത)  ബാല്യത്തിന്‍റെയും, യൗവനത്തിന്‍റെയും, വാർദ്ധക്യത്തിന്‍റെയും, അവരുടെ ഉള്ളിലെ പ്രണയത്തിന്‍റെയും എല്ലാം കഥ പറയുന്ന ഒരു സിനിമ. രാജീവൻ ഒരു വക്കീലാണ്, വിവാഹിതനാണ്, 2മക്കളും ഉണ്ട്. നന്ദിത മാതൃഭൂമിയിൽ ആണ് വർക്ക് ചെയ്യുന്നത്. വിവാഹിതയാണ്. ഒരു മോളുണ്ട്‌.  ഒരു ബേക്കറിയിൽ ഓർഡർ ചെയ്ത കേക്കുകൾ തമ്മിൽ മാറിപ്പോയി അത് തിരിച്ചു കൈമാറുമ്പോളാണ് രണ്ടുപേരും പരസ്പരം ശ്രദ്ധിക്കുന്നത്. നന്ദിത നല്ലൊരു എഴുത്തുകാരിയാണ്. അധികം ഇല്ലെങ്കിലും എഴുതുന്നതൊക്കെ വായനക്കാരെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിലുള്ളവ. രാജീവൻ റെ സഹപ്രവർത്തകൻ പറഞ്ഞ് നന്ദിത എഴുതിയ കഥ അയാൾ വായിക്കുന്നു. പിന്നെ ഒരു അവസരത്തിൽ അയാള്‍ നന്ദിതയെ കാണുമ്പോള്‍ ആ എഴുത്തിനെ അഭിനന്ദിക്കുന്നു. തുടർന്ന് യാദൃശ്ചികമായി അവർ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു. രണ്ടുപേർക്കും ഒരേപോലെയുള്ള ഇഷ്ടങ്ങൾ, ചിന്താരീതികൾ, താൽപ്പര്യങ്ങൾ... രാജീവിന്‍റെ ഉള്ളിൽ  എന്തോ ഒരു ആത്മബന്ധം നന്ദിയോട് തോന്നുന്നു. ഒരിക്കൽ അവർ ഒരുമിച്ചുള്ള ഒരു യാത്രയിൽ നന്ദിത എഴുതിയ ഒരു കഥയും, രാജീവന്‍റെ ചെറുപ്പത്തിൽ കന്യാകുമാരിയിൽ ഉണ്ടായിരുന്ന ശ്രീക്കുട്ടി എന്നു വിളിപ്പേരുള്ള അവൻറെ കളിക്കൂട്ടുകാരിയുടെ ജീവിതവും  തമ്മിലുള്ള  സാമ്യതയെക്കുറിച്ച് അയാൾ നന്ദിയോട് പറയുന്നു. അപ്പോൾ മാത്രമാണ് നന്ദിത അറിയുന്നത് രാജീവൻ തൻറെ കളിക്കൂട്ടുകാരൻ ആണെന്ന്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു  ട്രോമയിൽ നിന്ന് തന്നെ രക്ഷിച്ച, തന്നെ വീണ്ടും ജീവിക്കാൻ സപ്പോർട്ട് തന്ന ആളാണ് തൻറെ അരികിൽ ഇരിക്കുന്നത് എന്ന്.  പക്ഷേ രാജീവിൻറെ അച്ഛന് ട്രാന്‍സ്ഫര്‍  ആയതുകൊണ്ട് ബാല്യത്തിലെ അവർക്ക് തമ്മില്‍ പിരിയേണ്ടി വരുന്നു. പിന്നീടൊരിക്കലും അവർ തമ്മിൽ കണ്ടതുമില്ല. നന്ദിത പക്ഷേ അപ്പോൾ പറയുന്നില്ല രാജീവിന്‍റെ ആ പഴയ ശ്രീക്കുട്ടിയാണ് താനെന്ന്. പിന്നീടൊരിക്കൽ രാജീവൻ  തനിക്ക് നന്ദിതയോട് എന്തോ ഒരു ഇഷ്ടം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ നന്ദിത ആകെ ഷോക്ക്ഡ് ആവുന്നു.  അവൾ ഒന്നും പറയാതെ തിരിച്ചു പോകുന്നു. രാജീവനിൽ നിന്ന് അത്തരമൊരു അപ്പ്രോച് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാജീവ് താൻ ശ്രീക്കുട്ടി ആണെന്ന് ഇതുവരെ മനസ്സിലാക്കിയില്ല എന്നും അവളെ വിഷമിപ്പിച്ചിട്ടുണ്ടാവാം. പിന്നീട്  നന്ദിത രാജീവനിൽ നിന്നും ഒഴിഞ്ഞുമാറുന്നു. പക്ഷേ യാദൃശ്ചികമായി  അവർ രണ്ടുപേർക്കും  തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുന്നു . അപ്പോൾ നന്ദിത തൻറെ നോവൽ ''മേഘമൽഹാർ'' അയാൾക്ക് നൽകുന്നു. ''എൻറെ പഴയ കളി ചങ്ങാതിക്ക്... സ്വന്തം ശ്രീക്കുട്ടി '' എന്നെഴുതിയാണ് അവളത് നൽകുന്നത്. അപ്പോൾ മാത്രമാണ് അയാൾ നന്ദിത തൻറെ പഴയ കളികൂട്ടുകാരി ശ്രീക്കുട്ടി ആണെന്ന് അറിയുന്നത്. പിന്നെ അവർ ഒരുമിച്ച് അവരുടെ ബാല്യകാലം ചെലവഴിച്ച കന്യാകുമാരിയിൽ പോകുന്നു. അവർ ഒരുമിച്ചു കളിച്ചു നടന്ന സ്ഥലങ്ങളിലെല്ലാം അവർ പോകുന്നു .പക്ഷേ ആ യാത്രയിൽ അവർ തിരിച്ചറിയുന്നു അവരുടെ ഉള്ളിലെ പരസ്പര പ്രണയത്തെ. വെറുമൊരു ബാല്യകാല സൗഹൃദത്തിനപ്പുറം എന്നോ അവർ പോലും അറിയാതെ അവരുടെ ഉള്ളിൽ വേരൂന്നിയ പ്രണയം. പക്ഷേ അവർ അവരെ സ്നേഹിക്കുന്നവർ വിഷമിക്കാതെ ഇരിക്കാൻ  ഇനി ഒരിക്കലും തമ്മിൽ കാണില്ലെന്നും,  കണ്ടാല്‍ പരിചയം പോലും കാണിക്കില്ലെന്നും തീരുമാനിക്കുന്നു..

'' വർഷങ്ങൾക്കുശേഷം സംഭവിച്ചേക്കാവുന്ന കഥയുടെ പരിസമാപ്തി'' എന്നെഴുതി കാണിച്ചുകൊണ്ട് പിന്നെ നമ്മൾ കാണുന്നത് അവരുടെ വാർദ്ധക്യം ആണ്. നന്ദിതയും ഭർത്താവും, രാജീവിനും ഭാര്യയും വീണ്ടും കന്യാകുമാരിയിൽ വച്ച് കണ്ടു മുട്ടുന്നു .ആദ്യമായി കാണുന്നവരെ പോലെ അവർ രണ്ടുപേരും പരസ്പരം ഹലോ പറഞ്ഞു മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . സിനിമയിലെ കഥ അവിടെ അവസാനിക്കുന്നു. 

പക്ഷേ ഞാൻ ചിന്തിച്ചത് കഥയിൽ പറയാത്ത അവരുടെ ജീവിതത്തെ കുറിച്ചാണ് .  അന്ന് കന്യാകുമാരിയിൽ വച്ചു പിരിഞ്ഞതിനു ശേഷം പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതം എങ്ങനെ ആയിരുന്നിരിക്കും? തങ്ങൾക്കു ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചും ,സ്നേഹിച്ചും ജീവിക്കുന്നതിനിടയിലും അവര്‍ പരസ്പരം ഓര്‍ത്തിരുന്നിട്ടുണ്ടാവില്ലേ ? ഓർക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു നീറ്റലുണ്ടായിരിക്കില്ലേ ? തൊണ്ടയില്‍ മുള്ളു കുത്തുന്ന  വേദനയുണ്ടായിട്ടുണ്ടാവില്ലേ ? കന്യാകുമാരിയിലെ കടല്‍ത്തിരകളേക്കാള്‍ ഇരമ്പം അവരുടെ മനസ്സില്‍ ഉണ്ടായിക്കാണില്ലേ?  എന്തായാലും പരസ്പരം ഓർക്കാതെ അവരുടെ ഒരു ദിവസം പോലും കടന്നു പോയിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ കഥയുടെ അവസാനം അവർ വീണ്ടും കന്യാകുമാരിയിൽ വച്ചുതന്നെ കണ്ടുമുട്ടുന്നത്. അവർക്ക് അത്രമേൽ പ്രിയപ്പെട്ട സ്ഥലം . നമുക്കോരോരുത്തര്‍ക്കും ഉണ്ടാവില്ലേ അത്രമേൽ പ്രിയപ്പെട്ട ഒരിടം ? കഥയുടെ അവസാനമാകുമ്പോൾ നന്ദിതയുടെ ഭർത്താവ് പറയുന്നുണ്ട് '' മകളുടെ കല്യാണം ഒക്കെ കഴിഞ്ഞു ഫ്രീ ആയാൽ ഒരു യാത്ര പോകണം എന്ന് താന്‍ പറഞ്ഞപ്പോൾ ഞാൻ കരുതിയത് വല്ല കാശിയോ രാമേശ്വരത്തേക്കോ ആകുംന്നാ.'' അപ്പോൾ നന്ദിത ചോദിക്കുന്നുണ്ട്  ''അതിനു സമയായോ? '' എന്ന് . പ്രായമായാലും, ഇപ്പോഴും തന്‍റെ കളിക്കൂട്ടുകാരൻ എന്നെങ്കിലും തിരിച്ചുവരുമെന്നു കരുതി കാത്തിരിക്കുന്ന ചെറുപ്പം പേറുന്ന ശ്രീക്കുട്ടിയുടെ മനസ്സിനെ ആ വരികളിൽ നിന്ന് വായിച്ചെടുക്കാം..
അതുപോലെ രാജീവൻ റെ ഭാര്യ ചോദിക്കുന്നുണ്ട് ''ഒരു വഴിപാടു പോലെ ഇടയ്ക്കിടയ്ക്കുള്ള ഈ യാത്ര എന്ത് കാണാൻ ആണെന്ന് '' . അപ്പോൾ രാജീവ് പറയുന്ന ഒരു മറുപടിയുണ്ട്  ''കണ്ടാലും കണ്ടാലും തീരാത്ത ഒന്നില്ലേ അവിടെ'' എന്ന്.

ഒരു കാര്യം ഉറപ്പാണ്  ഒരിക്കലും ബാഹ്യമായ ഒരു ഇഷ്ടമോ, താല്പര്യമോ, ആഗ്രഹമോ ആയിരുന്നില്ല അവരുടെ പ്രണയത്തിന്. ജന്മാന്തരങ്ങൾക്ക് അപ്പുറമുള്ള എന്തോ ഒരു ആത്മബന്ധം.. അതുകൊണ്ടു തന്നെയാണ് പരസ്പരം കാണാതെ, മിണ്ടാതെ, തങ്ങളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതെ അവസാനം വരെയും അവർ പ്രണയിച്ചു കൊണ്ടേയിരിക്കുന്നത്.  ഇതുപോലുള്ള എത്രയെത്ര രാജീവൻ മാരും നന്ദിത മാരും നമുക്കുചുറ്റും ജീവിക്കുന്നുണ്ടാവും ?

എന്തൊരു കൈയ്യടക്കത്തോടെയാണ് ബിജുമേനോനും സംയുക്തയും ആ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത് . അവർ ശരിക്കും രാജീവനും നന്ദിതയും ആയി ജീവിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. സിനിമയുടെ എടുത്തുപറയാവുന്ന മറ്റൊരു കാര്യം അതിലെ പാട്ടുകൾ തന്നെയാണ് .എത്ര മനോഹരമായ, അർത്ഥവത്തായ വരികൾ ഉള്ള പാട്ടുകൾ . പിന്നെ പശ്ചാത്തലത്തിൽ വന്നുപോകുന്ന അതിമനോഹരമായ ഗസല്‍ സംഗീതം... എല്ലാം കൂടിച്ചേരുമ്പോൾ പ്രണയമുള്ളവരായാലും അല്ലാത്തവരായാലും ഒരു വിങ്ങലോടെയല്ലാതെ  ഈയൊരു ചിത്രം കണ്ടു തീർക്കാനാവില്ല ...

''മേഘമല്‍ഹാര്‍ '' - കണ്ണുകളെ ഈറനണിയിക്കുന്ന ഒരു മനോഹര പ്രണയ കാവ്യം...

ബീന . കെ

2 comments:

  1. Nice writing..... ഈ സിനിമ എല്ലാവരുടെയും മനസ്സിൽ ഇവിടെ ഒക്കെയോ മറന്നു പോയ ചിലരെ ഓർമിപിച് കൊണ്ട് കടന്നു പോയിട്ടുണ്ടാകും ... Bcz everyone in this world had a first crush... After watching this story we will definitely think about them. Personally i finished this movie with a smile bcz this is the perfect ending....

    ReplyDelete

Parallel World

 Short story Parallel World By Beena K           ‘’Amal, it is really hard to suffer anymore. There is a limit for everything. You know, it ...