Saturday, January 22, 2022

മദപ്പാട് . . .

മദപ്പാട്...

എന്നിലെ പെണ്ണില്‍ ഉറങ്ങിക്കിടക്കുന്നൊരു കൊമ്പനാനയുണ്ട്.
വര്‍ഷത്തില്‍ പല തവണ മദം പൊട്ടുന്നൊരു കൊമ്പനാന.

ഈ മദപ്പാട് പക്ഷേ ,

ലൈംഗികത്വര കൂടിയിട്ടോ,
മദഗ്രന്ഥിയില്‍ നിന്നൊലിക്കുന്ന കട്ടിയുള്ള  കയ്പ് നീരിനാലോ പൊട്ടിപ്പുറപ്പെടുന്നതല്ല..

അത്,

ശരീരത്തോടൊപ്പം മനസ്സും നോവുമ്പോള്‍,
നഷ്ട സ്വപ്നങ്ങളും മറവി ബാധിക്കാത്ത ഓര്‍മ്മകളും ഇടയ്ക്കിടെ എന്നോട് പല്ലിളിക്കുമ്പോള്‍,
ഉറ്റവര്‍ക്കടുത്തെത്താന്‍ കഴിയാത്തപ്പോള്‍,
ചെയ്യാത്ത തെറ്റിന് കഴിവേറ്റുമ്പോള്‍,
മനസ്സില്‍ പോലും നിനയ്ക്കാത്തത് വിളിച്ചു പറയുമ്പോള്‍,
അങ്ങിനെയങ്ങിനെ പലപ്പോഴായി ഈ പെണ്ണിനെ വകവെക്കാതെ പുറത്തു ചാടുന്നതാണ്...

അടുക്കളയില്‍ പാത്രങ്ങള്‍ നിലത്തിട്ടും, വാതില്‍ കൊട്ടിയടച്ചും, കുഞ്ഞുങ്ങളോടു കയര്‍ത്തും, കലഹിച്ചും, അട്ടഹസിച്ചും, അവരെ കരയിച്ചും എന്നിലെ കൊമ്പന്‍ നിങ്ങള്‍ക്കു സൂചനകള്‍ തന്നുകൊണ്ടിരുന്നു...

എന്നിട്ടും,

എന്നിട്ടും നിങ്ങളെന്തേ അതറിയാതെ പോയ്...

ഇനിയെങ്കിലും നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം -

ഇടയ്ക്കിടെ  മദം പൊട്ടാറുള്ള എന്‍റെയുള്ളിലെ ഒറ്റക്കൊമ്പന്
സമാധാനമായൊരു നീരുകാലം അനുവദിക്കലാണ്...

നീരുകാലത്തെ പട്ടിണിയ്ക്കൊടുവില്‍, സുഖ ചികില്‍സയും കഴിഞ്ഞ്  ഞാന്‍ തിരിച്ചു വരും...

ഇനി നിങ്ങള്‍ക്കാശ്വസിക്കാം,

അടുത്ത മദപ്പാട് കാലം വരേയ്ക്കു മാത്രം ....

ബീന. കെ

6 comments:

Parallel World

 Short story Parallel World By Beena K           ‘’Amal, it is really hard to suffer anymore. There is a limit for everything. You know, it ...