ഇരുട്ടു മൂടിക്കെട്ടി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ , കാതടപ്പിക്കുന്ന ഇടിയൊച്ച , ഭയപ്പെടുത്തുന്ന മിന്നല്‍ പിണരുകള്‍, പൊടുന്നനെ പൊട്ടി വീഴുന്ന മഴ... മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന നോവും ... പെട്ടന്നായിരിക്കും ആകാശത്ത് കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി പ്രകാശം പരത്തിക്കൊണ്ട് സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത്.. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും ആ വെളിച്ചം മേഘക്കെട്ടുകള്‍ക്കിടയിലേക്ക് മറഞ്ഞു പോകും..
നമ്മുടെയൊക്കെ ജീവിതത്തില്‍ പലപ്പോഴും പ്രകാശം പരത്തിക്കൊണ്ട് ചിലര്‍ കടന്നു വരാരുണ്ട്.. നമുക്ക് അത്രയും വേണ്ടുന്ന സമയത്തായിരിക്കും അത്തരത്തില്‍ ആരെങ്കിലും ജീവിതത്തില്‍ കൂടെ കൂടുന്നത്.. അവര്‍ എത്ര കാലം നമ്മോടൊപ്പം കാണുമെന്നോ , എപ്പോള്‍ വിട പറഞ്ഞു പോകുമെന്നോ നമുക്കറിയുന്നുണ്ടാവില്ല. പക്ഷേ അവര്‍ കൂടെയുള്ള സമയം ലൈഫ് അടിപൊളിയായിരിക്കും..
യാത്ര പോലും പറയാതെ പെട്ടന്ന് നമ്മെ വിട്ടു പിരിയുമ്പോള്‍ അവര്‍ അവശേഷിപ്പിച്ചു പോകുന്ന ചിലതുണ്ട്... ചിലപ്പോള്‍ ഒരു ആയുഷ്കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ നല്ല നല്ല ഓര്‍മ്മകളായിരിക്കും, അല്ലെങ്കില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകളായിരിക്കും, അതുമല്ലെങ്കില്‍ ജീവിതം കര പറ്റിക്കാന്‍ ഒരു കച്ചിത്തുമ്പു തന്നിട്ടായിരിക്കും അവരുടെ മടക്കം..
വീട്ടില്‍ വന്നു കുറച്ച് ദിവസം താമസിച്ചു തിരിച്ചു പോകുന്ന വിരുന്നുകാര്‍ അവിടെ കുറച്ച് നാളത്തേക്കെങ്കിലും അവശേഷിപ്പിക്കുന്നൊരു ശൂന്യതയുണ്ട്.. ചിലര്‍ നമ്മുടെ ജീവിതത്തില്‍ വന്ന് തിരിച്ചു പോകുന്നത് വലിയൊരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടായിരിക്കും..
എന്തായാലും നമ്മുടെ ജീവിതത്തില്‍ വന്നു പോകുന്ന ഓരോരുത്തര്‍ക്കും എന്തോ ഒന്ന് നമുക്ക് വേണ്ടി ചെയ്യാനുണ്ടായിരിക്കും.. ചിലപ്പോള്‍ നല്ലതായിരിക്കാം , അല്ലെങ്കില്‍ മോശമായിരിക്കാം..
വീട്ടില്‍ വരുന്ന വിരുന്നുകാരെ സ്വീകരിക്കുന്ന പോലെ ജീവിതത്തിലെ അതിഥികളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കാം... ചിലപ്പൊ പലഹാരപ്പൊതിയും പുത്തനുടുപ്പുമൊക്കെ ആയിട്ടാണ് വരുന്നതെങ്കിലോ...
ബീന. കെ
No comments:
Post a Comment